
നവംബർ 2
*ഡോ. പൽപ്പു ജന്മദിനം*
ഇന്ത്യൻ ചരിത്രത്തിലെ നിശ്ശബ്ദനായ വിപ്ലവകാരി എന്ന് സരോജിനി നായിഡു വിശേഷിപ്പിച്ച കേരളത്തിലെ സാമൂഹിക നവോത്ഥാന നേതാക്കളിലൊരാളായിരുന്നു ഡോ.പല്പു.
ഡോക്ടറും ബാക്റ്റീരിയോളജി വിദഗ്ദ്ധനും ആധുനിക കേരളശില്പികളിലൊരാളുമായിരുന്ന പത്മനാഭൻ പല്പു, ഈഴവ സമുദായത്തിൽ പെട്ടയാളായതിനാൽ തിരുവിതാംകൂറിൽ സർക്കാർ ജോലി നിഷേധിക്കപ്പെട്ടതിനെ തുടർന്നുണ്ടായ പ്രവർത്തനങ്ങളിലൂടെയാണ് കേരളത്തിലെ സാമുദായിക പരിഷ്കരണത്തിന്റെ ആരാദ്ധ്യനേതാവായിത്തീർന്നത്.
1903-ൽ ഇദ്ദേഹം ശ്രീനാരായണ ധർമപരിപാലന യോഗം സ്ഥാപിച്ചു.
ഉപരിപഠനത്തിനായി ലണ്ടനിൽ എത്തിയപ്പോൾ ഡോ. പൽപ്പു ബ്രിട്ടീഷ് നിയമസഭാംഗമായിരുന്ന ദാദാഭായി നവറോജിയിലൂടെ ബ്രിട്ടീഷ് നിയമസഭയിൽ ഈഴവരുടെ സ്ഥിതിയെക്കുറിച്ച് ചോദ്യം ഉന്നയിച്ചു. അദ്ദേഹത്തിന്റെ സഹായത്തോടെ ഇന്ത്യാ സെക്രട്ടറിക്ക് ഒരു നിവേദനം സമർപ്പിക്കപ്പെട്ടു. ഇതിന്റെ ഫലമായി ബ്രിട്ടീഷ് ഭരണകൂടം തിരുവിതാംകൂറിലെ ഈഴവരുടെ സ്ഥിതിയെക്കുറിച്ച് അന്വേഷിച്ചു തുടങ്ങി.
ദേശീയ മുഖ്യധാരയിലെ പല നേതാക്കളുമായി ഡോ. പൽപ്പു അടുത്ത ബന്ധം പുലർത്തി. സ്വാമി വിവേകാനന്ദൻ, സരോജിനി നായിഡു എന്നിവരുമായി അദ്ദേഹത്തിന് ആഴത്തിലുള്ള ബന്ധമുണ്ടായിരുന്നു. പലരും അദ്ദേഹത്തെ ഒരു ജാതിയുടെ വക്താവായി അധിക്ഷേപിച്ചപ്പോൾ സരോജിനി നായിഡു അദ്ദേഹത്തെ ഒരു മഹാനായ വിപ്ലവകാരി എന്നു വാഴ്ത്തി. സ്വാമി വിവേകാനന്ദൻ മൈസൂർ സന്ദർശിച്ചപ്പോൾ അദ്ദേഹം സ്വാമിയെ ഒരു റിക്ഷയിൽ ഇരുത്തി വലിച്ച് മൈസൂർ നഗരം ചുറ്റിക്കാണിച്ചു. ഈ യാത്രയിൽ വയ്ച്ചാണ് വിവേകാനന്ദൻ അദ്ദേഹത്തിനോട് ജനലക്ഷങ്ങളെ ആത്മീയവൽക്കരിക്കാനും വ്യവസായവൽക്കരിക്കാനും ആവശ്യപ്പെട്ടത്. മൈസൂർ ഗവർണ്മെന്റ് അദ്ദേഹത്തെ പ്ലേഗിനുള്ള മരുന്നായ ലിംഫ് നിർമ്മാണം പഠിക്കുവാൻ യൂറോപ്പിലേക്കയച്ചു. ബാംഗ്ലൂരിൽ പ്ലേഗ് പടർന്നുപിടിച്ച് 15,000-ത്തോളം ആളുകൾ മരിച്ചപ്പോൾ അദ്ദേഹം പകർച്ചാവ്യാധിയെ lവകവെക്കാതെ രോഗികളെ ശുശ്രൂശിച്ച് അസാമാന്യ ധൈര്യം പ്രകടിപ്പിച്ചു.
മൈസൂർ സർക്കാരിൽ നിന്നും വിരമിച്ച അദ്ദേഹം മലബാറിന്റെ വികസനത്തിനായി മലബാർ എക്കൊണോമിക് യൂണിയൻ എന്ന സംരംഭം ആരംഭിച്ചു. ഈ സംരംഭത്തിൽ നിന്നുള്ള ലാഭം പൊതുജനങ്ങളുടെ നന്മയ്ക്കായി അദ്ദേഹം വിനയോഗിച്ചു. കുമാരനാശാൻ, ടി.കെ. മാധവൻ, സഹോദരൻ അയ്യപ്പൻ, തുടങ്ങിയ പിന്നോക്ക സമുദായങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിച്ച സാമൂഹിക പരിഷ്കർത്താക്കൾക്ക് ആശയങ്ങൾ പകർന്നത് ഡോ. പൽപ്പുവിന്റെ പ്രവർത്തനങ്ങളാണ്. ശ്രീ നാരായണ ഗുരുകുലത്തിന്റെ സ്ഥാപകനായ ശ്രീ നടരാജ ഗുരു അദ്ദേഹത്തിന്റെ മകനാണ്.
#DrPalppu