Sree Ramakrishna Paramahansa

August 16
*ശ്രീരാമകൃഷ്ണ പരമഹംസർ മഹാസമാധി*

പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സന്യാസി ശ്രേഷ്ഠരിൽ ഒരാളായിരുന്നു ശ്രീരാമകൃഷ്ണ പരമഹംസർ . ബംഗാളിലെ ദക്ഷിണകാളീശ്വർ ക്ഷേത്രത്തിലെ പൂജാരിയായിരുന്ന അദ്ദേഹം തന്റെ ആത്മീയത നിറഞ്ഞ സ്വഭാവത്താലും ഊർജ്ജസ്വലതയാലും പെട്ടെന്ന് തന്നെ ആളുകൾക്കിടയിൽ ശ്രദ്ധ പിടിച്ചു പറ്റുകയും , ഒരുപാടു പേർക്ക് ആത്മീയ ജ്ഞാനം പകർന്നു കൊടുക്കുകയും ചെയ്തു . തന്മൂലം ധാരാളം ശിഷ്യഗണങ്ങൾ അദ്ദേഹത്തിനുണ്ടാവുകയും , അവർ രാമകൃഷ്ണ മഠം സ്ഥാപിക്കുകയും ചെയ്തു .രാമകൃഷ്ണ മഠം ആളുകൾക്ക് ആത്മീയ ജ്ഞാനം പകർന്നു കൊടുക്കുകയും അതോടൊപ്പം തന്നെ പാവപ്പെട്ടവർക്ക് വിദ്യാഭ്യാസവും സാമൂഹ്യ സേവനവും നടത്തി പോന്നു .

വെസ്റ്റ് ബംഗാളിലെ ഹൂഗ്ലി ജില്ലയിലെ കമർപുക്കൂർ എന്ന ഗ്രാമത്തിൽ നിർദ്ധനരായ ഒരു ബ്രാഹ്മിണ കുടുംബത്തിലാണ് ശ്രീരാമകൃഷ്ണ പരമഹംസർ ജനിച്ചത് . ഭഗവാൻ ശ്രീരാമചന്ദ്രന്റെ ഭക്തരായിരുന്ന അദ്ദേഹത്തിന്റെ മാതാപിതാക്കൾ അവർക്കു ജനിച്ച മക്കൾക്കെല്ലാം പേരുകളിൽ രാമൻ എന്ന പദം കൂടി ചേർക്കുമായിരുന്നു . സാധാരണ സ്കൂൾ വിദ്യാഭ്യാസം നടത്തിയിരുന്ന പരമഹംസർ , തനിക്ക് ജോലി ലഭിക്കാൻ പാകത്തിനുള്ള വിദ്യാഭ്യാസം വേണ്ട എന്ന് പറഞ്ഞു അത് തൃജിക്കുകയായിരുന്നു .

കമർപുക്കൂർ , പുരിയിലേക്കും മറ്റ് തീർത്ഥാടന കേന്ദ്രങ്ങളിലേക്കുമുള്ള യാത്രാമാർഗം ആയിരുന്നതിനാൽ , അദ്ദേഹത്തിന് ഒരുപാട് സന്യാസി വര്യന്മാരെ പരിചയപ്പെടാനുള്ള അവസരം സിദ്ധിച്ചിരുന്നു .

ബംഗാളി ഭാഷയിൽ എഴുത്തും വായനയും വശമായിരുന്ന പരമഹംസർ , താൻ പരിചയപ്പെട്ട സന്യാസി ശ്രേഷ്ഠന്മാരിൽ നിന്ന് രാമായണത്തിലും മഹാഭാരതത്തിലും പാണ്ഡിത്യം നേടി . അദ്ദേഹത്തിന്റെ പിതാവിന്റെ മരണശേഷം കുടുംബത്തിന്റെ സാമ്പത്തിക ശേഷി കൂടുതൽ മോശമാകയാൽ , ബംഗാളിലേക്ക് പോയ അദ്ദേഹത്തിന്റെ ജ്യേഷ്ഠനോപ്പം പൂജാരി ആയി പ്രവർത്തിക്കാൻ ആരംഭിച്ചു .

ദക്ഷിണേശ്വർ കാളി ക്ഷേത്രത്തിൽ പൂജാരിയായിരുന്ന ജ്യേഷ്ഠനെ സഹായിക്കുകയായിരുന്ന പരമഹംസർ , ജ്യേഷ്ഠന്റെ മരണശേഷം മുഖ്യ പൂജാരിയായി ചുമതല ഏറ്റെടുക്കുകയായിരുന്നു . മുഖ്യ പൂജാരിയായി ചുമതല ഏറ്റെടുത്ത നാൾ മുതൽ കാളി മാതാവിന്റെ കടുത്ത ഭക്തനായി മാറിയ അദ്ദേഹം , ഒരു പ്രാവശ്യമെങ്കിലും കാളീമാതാവിന്റെ ദർശനം അതിയായി ആഗ്രഹിക്കുകയുണ്ടായി . കാളീമാതാവിന്റെ ദർശനത്തിനായി കഠിനമായ തപസ്സനുഷ്ടിച്ചിട്ടും ദർശനം ലഭിക്കായ്കയാൽ അദ്ദേഹം മരണം വരിക്കാൻ തുടങ്ങുകയും , കാളീമാതാവ് വിശ്വരൂപിണിയായി അദ്ദേഹത്തിന്റെ മുന്നിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു.

ലൗകിക ജീവിതത്തോട് വിരക്തി കാട്ടിയിരുന്ന പരമഹംസരെ വിവാഹം കഴിക്കാൻ കുടുംബക്കാർ നിർബന്ധിക്കുകയും , അദ്ദേഹം തന്നെ ജയറമ്പതി എന്ന സ്ഥലത്ത് തനിക്കു നിശ്ചയിച്ചിട്ടുള്ള വധുവുണ്ടെന്നും പറയുകയും ,അവരെ തന്നെ അദ്ദേഹം വിവാഹം കഴിക്കുകയും ചെയ്തു .

വിവാഹ സമയത്ത് പരമഹംസർക്കു പ്രായം പതിനെട്ട് വയസ്സും വധുവായിരുന്ന ശാരദാമണിക്ക് അഞ്ചു വയസ്സും ആയിരുന്നു പ്രായം . ശാരദാമണിക്ക് പരമഹംസർ ദൈവതുല്യനായിരുന്നു . അതിനാൽ തന്നെ അവർ അദ്ദേഹത്തിന്റെ ശിഷ്യയായി മാറുകയും ചെയ്തു .

പൂർണ്ണമായും സന്യാസിയായിരുന്ന പരമഹംസർ വിവാഹിതനെങ്കിലും , ദാമ്പത്യ ജീവിതം നയിച്ചിരുന്നില്ല . ശാരദാമണിയെ പുണ്യ മാതാവായിട്ടാണ് അദ്ദേഹവും ശിഷ്യഗണങ്ങളും കണ്ടിരുന്നത് . കാളിക്ഷേത്രത്തിൽ പൂജാരിയായിരുന്ന അദ്ദേഹം ഒരുപാടു ശ്രേഷ്ഠന്മാരിൽ നിന്ന് വിദ്യ സമ്പാദിക്കുകയുണ്ടായി . ഒരുപാട് ശിഷ്യഗണങ്ങൾ ഉണ്ടായിരുന്ന പരമഹംസരുടെ പ്രശസ്തനായ ശിഷ്യനാണ് സ്വാമി വിവേകാനന്ദൻ .

തൊണ്ടയിൽ അർബുദം ബാധിച്ച അദ്ദേഹത്തോട് അധികം സംസാരിക്കരുത് എന്ന് ഡോക്ടർമാർ പറഞ്ഞെങ്കിലും അദ്ദേഹം അത് അവഗണിച്ചു കൊണ്ട് തന്റെ അധ്യാപനം തുടർന്ന് കൊണ്ടേയിരുന്നു . അദ്ദേഹത്തിന്റെ അവസാന നാളുകളിൽ കൂടെയുണ്ടായിരുന്നത് ശാരദ ദേവി എന്ന ശിഷ്യ ആയിരുന്നു . സമാധി അടയുന്നതിന് മുൻപ് തന്റെ ആത്മീയമായ ശക്തികൾ എല്ലാം തന്നെ സ്വാമി വിവേകാനന്ദന് പകർന്നു കൊടുത്തിരുന്നു എന്നാണ് പറയപ്പെടുന്നത് .

1886 ആഗസ്റ്റ് 16 ന് അദ്ദേഹം മഹാസമാധി അടഞ്ഞു .
#SreeramakrishnaParamahamsar

By:

Posted in:


Leave a comment

Design a site like this with WordPress.com
Get started