നാളെ (ജനുവരി 10) ഗന്ധർവ ഗായകൻ യേശുദാസിന്റെ എൺപത്തിമൂന്നാം ജന്മദിനത്തിൽ അദ്ദേഹത്തിന്റെ മലയാള ഗാനങ്ങളെക്കുറിച്ച് ചില കൗതുകങ്ങൾ ഇതാ:
- സംഗീത സംവിധായകരിൽ ദേവരാജൻ മാഷിന്റെ ചലച്ചിത്ര ഗാനങ്ങളാണ് ദാസേട്ടൻ ഏറ്റവും കൂടുതൽ പാടിയിട്ടുള്ളത്. 654 ഗാനങ്ങൾ. രണ്ടാമത് രവീന്ദ്രൻ മാസ്റ്റർ സംഗീതം ചെയ്‌ത ഗാനങ്ങൾ (339). എ റ്റി ഉമ്മർ, ദക്ഷിണാമൂർത്തി സ്വാമികൾ , ശ്യാം, എംകെ അർജ്ജുനൻ മാസ്റ്റർ , ജോൺസൺ മാഷ് , മോഹൻ സിത്താര, എസ് പി വെങ്കിടേഷ്, എംഎസ് ബാബുരാജ് തുടങ്ങിയവരുടെ ഗാനങ്ങളാണ് എണ്ണത്തിന്റെ കാര്യത്തിൽ യഥാക്രമം തൊട്ട് പിന്നിൽ.
- ഗാനരചയിതാക്കളിൽ ശ്രീകുമാരൻ തമ്പിസാറിന്റെ സിനിമാ ഗാനങ്ങളാണ് ദാസേട്ടൻ കൂടുതൽ പാടിയിട്ടുള്ളത്. 501 ഗാനങ്ങൾ. വയലാറിന്റേതായി 445 ഗാനങ്ങൾ. തൊട്ട് താഴെ പി ഭാസ്‌ക്കരൻ, കൈതപ്രം, ബിച്ചു തിരുമല, പൂവച്ചൽ ഖാദർ, ഓഎൻവി, ഗിരീഷ് പുത്തഞ്ചേരി, യൂസഫലി കേച്ചേരി എന്നിവരുടെ ഗാനങ്ങൾ.
- സിനിമേതര ഗാനങ്ങളിൽ ആലപ്പി രംഗനാഥിന്റെ സംഗീത സംവിധാനത്തിലാണ് കൂടുതൽ പാട്ടുകൾ (136). കൂടുതൽ പാടിയ ലളിത ഗാനരചയിതാവ് എസ് രമേശൻ നായർ (93).
- സിനിമാഗാനങ്ങളിൽ കൂടുതൽ പാടിയ രാഗം മോഹനം ആണ്.
- ദാസേട്ടൻ സംഗീതം നൽകിയ ചലച്ചിത്രഗാനങ്ങളുടെ എണ്ണം 49. കൂടുതലും വയലാറിന്റെയും തമ്പിസാറിന്റെയും ഗാനങ്ങൾ.
- 1982 -ൽ 234 സിനിമാഗാനങ്ങളാണ് ദാസ് സാർ പാടിയത്.
- 1997 -ൽ തരംഗിണി പുറത്തിറക്കിയ സ്നേഹാർച്ചന എന്ന ക്രിസ്ത്യൻ സംഗീത ആൽബത്തിന് വേണ്ടി ദാസേട്ടൻ ഒരു ക്രിസ്ത്യൻ ഭക്തിഗാനം എഴുതിയിട്ടുണ്ട്. ‘ബത്‌ലേഹം തൊഴുത്തിൽ’ എന്ന് തുടങ്ങുന്ന ആ ഗാനത്തിന് സംഗീതം പകർന്നതും പാടിയതും ഗന്ധർവ്വഗായകൻ തന്നെ .
- ‘സ്വാമിയെൻ നാദത്തിൻ ഉറവിടമേ’, ‘പുള്ളോന്റെ പാട്ടുകൾ കേട്ട നിൻ കാതുകൾ അടിയന്റെ പാട്ടുകളും’ എന്നീ ഹിന്ദു ഭക്തിഗാനങ്ങൾ എഴുതി, സംഗീതം നൽകി ആലപിച്ചവയാണ്. 2006 -ലെ തരംഗിണി ആൽബമായ കാണിപ്പൊന്ന് അയ്യപ്പഗാനങ്ങളിലാണ് ഇവ രണ്ടും.
- പന്ത്രണ്ട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 1965 -ൽ കാവ്യമേള എന്ന ചിത്രത്തിലായിരുന്നു ആദ്യം മുഖം കാട്ടിയത്. സ്വപ്‌നങ്ങൾ, സ്വപ്നങ്ങളേ നിങ്ങൾ സ്വർഗ്ഗകുമാരികളല്ലോ എന്ന ഗാനം സ്റ്റേജിൽ ഓരോരുത്തരായി വന്ന് പാടുന്നവരുടെ കൂട്ടത്തിൽ ദാസേട്ടൻ അനുപല്ലവി പാടുന്നതായാണ് സിനിമയിൽ.
- റിലീസാകാനിരിക്കുന്ന ’14 ത്ത് ഫെബ്രുവരി’ എന്ന ചിത്രത്തിന് വേണ്ടി പാടിയ ‘അരികിൽ നീ തണലായ് ഞാൻ’ എന്ന ഗാനമാണ് ഒടുവിലായി പുറത്തിറങ്ങിയ സിനിമാഗാനം. ഗാനഗന്ധർവ്വന്റെ പുതിയ ആൽബം ‘തനിച്ചൊന്ന് കാണാൻ’ നാളെ കൊച്ചിയിൽ മമ്മൂട്ടി പ്രകാശനം ചെയ്യും.
കടപ്പാട്